Monday, March 19, 2012

ആസ്വാദനക്കുറിപ്പ്

                          
       എനിക്ക് വായിക്കാന്‍ ലഭിച്ചത് ആന്‍ ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍ എന്ന പുസ്തകമാണ്.ഇംഗ്ലീഷിലുള്ള ആന്‍  ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത ബാലസാഹിത്യകാരിയായ പ്രമീളാദേവിയാണ്. ലോകമനസ്സാ ക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിര്‍ഭരമാക്കുകയും ചെയ്ത ആന്‍ ഫ്രാങ്ക് എന്ന യഹൂദ പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളാണിത്.ഒരു പതിമൂന്നു വയസ്സുകാരി തന്റെ ചിന്തകള്‍, വികാരങ്ങള്‍, നിരീക്ഷണങ്ങള്‍,വിശ്വാസങ്ങള്‍ എല്ലാം ഏറ്റുവുമടുത്ത സുഹൃത്തായ കിറ്റി എന്നു പേരിട്ട ഡയറിയുമായി പങ്കിടാനാരംഭിക്കുന്നു. ജര്‍മ്മന്‍ പട്ടാളം ഹോളണ്ടിനെ ആക്രമിച്ചപ്പോള്‍ തന്റെ യഹൂദരായിരുന്ന ആന്‍ ഫ്രാങ്കും കുടുംബവും ഒരു ഒളിസങ്കേതത്തിലേക്ക് അഭയം തേടുന്നു.പിന്നെ അവിടെ നടക്കുന്ന സംഭവങ്ങള്‍ കേവലം ആ ഒളിസങ്കേതത്തിന്റെ വര്‍ണ്ണന പോലും വളരെ ലഘുവായ രീതിയില്‍ നല്‍കിയിരിക്കുന്നു.1944ആഗസ്റ്റ് 4ന് നാസി പോലീസ് ആന്‍ ഫ്രാങ്കിനേയും കുടുംബത്തേയും അവര്‍ ഒളിവില്‍ കഴി‍ഞ്ഞിരുന്ന കെട്ടിടത്തില്‍ നിന്നും പിടിച്ചുകൊണ്ടുപോകുമ്പോള്‍ തന്റെ പ്രിയപ്പെട്ട ഡയറിയെ ഉപേക്ഷിക്കാന്‍ ആന്‍ ഫ്രാങ്ക് നിര്‍ബന്ധിതയാകുന്നു.ഏതാനും ദിവസങ്ങള്‍ക്കുശേഷം ഓഫീസ് വൃത്തിയാക്കാനെത്തിയ ഒരാള്‍ ഈ ഡയറിക്കുറിപ്പുകള്‍ കണ്ടെത്തുകയും പിന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തു.യുദ്ധഭീകരതയെയും അത് മനസ്സിലേല്പിക്കുന്ന ആഘാതങ്ങളെയും യഥാതഥമായി പകര്‍ത്തിയ ഈ കൃതി ആന്‍ ഫ്രാങ്കിന്റെ ജീവിതമോ കൂടെ പാര്‍ത്തിരുന്ന ഏതാനും പേരുടെ ജീവിതമോ മാത്രമല്ല ഹോളണ്ടിലെ അന്നത്തെ സാമാന്യജനങ്ങളുടെ ജീവിതാവസ്ഥയേയും എടുത്തുകാട്ടുന്നു.ഇരുളു നിറഞ്ഞതും ഇടുങ്ങിയതുമായ ഒരു മുറിയും കുറെ മനുഷ്യരും മാത്രമെ ആ പെണ്‍കുട്ടിയുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളു. എങ്കിലും ആ കൗമാരക്കാരിയുടെ അസാധാരണ ഭാവനയും നര്‍മ്മ ബോധവും ഈ കുറിപ്പുകളെ ഉദാത്തതലത്തിലെത്തിക്കുന്നു. ജീവിതത്തിന്റെ ഏറ്റവും ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ പോലും മനുഷ്യസ്നേഹവും ആത്മവിശ്വാസവും കൈവിടാതെ ഹൃദയവും ശിരസ്സും ഉയര്‍ത്തിപ്പിടിച്ച് ജീവിതത്തെ അഭിമുഖീകരിക്കാന്‍ ഈ കൃതി നമ്മെ പ്രേരിപ്പിക്കുന്നു. ആന്‍ ഫ്രാങ്കിന്റെ ഈ സ്മരണകള്‍ യുദ്ധഭീകരതകളെയും അവ മനസ്സിലേല്പിക്കുന്ന ആഘാതങ്ങളെയും ചിത്രീകരിക്കുന്ന ഒരസാധാരണ കൃതിയാണിത്.

                                                  അര്‍ച്ചന വിനോദ്
                                                  7.
വിദ്യാരംഗം ജില്ലാ തല (ആലുവ വിദ്യാഭ്യാസ ജില്ല) വായനാക്കുറിപ്പ് മത്സരത്തില്‍ ( യു.പി.വിഭാഗം) ഒന്നാം സ്ഥാനം ലഭിച്ചത്.



No comments:

Post a Comment