Monday, April 30, 2012

റിസല്‍റ്റ്

റിസല്‍റ്റ് ബുധനാഴ്ച ( 2.5.2012 )സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ നിന്നും അറിയാവുന്നതാണ്.

Saturday, April 14, 2012

വായനക്കാര്‍ക്ക് വിഷു ദിനാശംസകള്‍


Saturday, April 7, 2012

എന്റെ വിദ്യാലയം - അനുഭവം , കാഴ്ച്ചപ്പാട്, പിന്നെ സ്വപ്നങ്ങളും

 ശ്രീദേവി.കെ.ആര്‍.
 അദ്ധ്യാപിക
                ഏതാണ്ട് 13 വര്‍ഷത്തോളം എല്‍.പി.ക്ളാസ്സുകളില്‍ പഠിപ്പിച്ചതിനു ശേഷമാണ് 1999 ജൂണ്‍ 3 ന് പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂളിലെ 7 B ക്ളാസ്സിന്‍റെ ചുമതല എനിക്കു ലഭിച്ചത്.അന്ന് പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂളില്‍ പഠിപ്പിക്കുക എന്നത് സബ്ജില്ലയിലെ ഏതൊരധ്യാപികയുടെയും മോഹമായിരുന്നു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.ഈ വിദ്യാലയം അതിന്‍റെ ഔന്നത്യത്തില്‍ നിന്ന ഒരു കാലമായിരുന്നു തൊണ്ണുറുകളിലേത്.സബ്ജില്ല ശാസ്ത്ര മേള, കലാമേള, കായീകമേള, വിദ്യാരംഗം തുടങ്ങി ഏതുതരം മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ മുന്നിലെത്തി.കൈയെഴുത്തു മാസിക സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി വിദ്യാലയത്തിന്‍റെ യശസ്സുയര്‍ത്തി.എന്നെ സംബന്ധിച്ചിടത്തോളം മറ്റു ചില പ്രാധാന്യങ്ങള്‍ കൂടി ഈ സ്കൂളിനുണ്ട്.എന്‍റെ അമ്മാവന്‍മാര്‍ നാലു പേരും അമ്മയും ഈ സ്കൂളിലാണ് പഠിച്ചത്. 1997വരെ അമ്മ ഇവിടുത്തെ ഹിന്ദി അധ്യാപികയായിരുന്നു. അതെല്ലാം കൊണ്ടുതന്നെ ഇവിടെ പഠിപ്പിക്കുക എന്നത് എനിക്ക് അഭിമാനമായി അനുഭവപ്പെട്ടു.
        പക്ഷെ 7 B ക്ളാസ്സിലേക്ക് കടന്നു ചെന്നപ്പോള്‍ എനിക്ക് ചെറുതായി വിറയ്ക്കുന്നുണ്ടോ എന്നൊരു സംശയം . കാരണം കുറച്ചു വര്‍ഷങ്ങളായി കുരുന്നുകളെ മാത്രം കണ്ടു ശീലിച്ച എന്‍റെ കണ്ണില്‍ ആദ്യം പെട്ടത് പിറകിലെ ബഞ്ചിലിരിക്കുന്ന ഏതാനും പൊടിമീശക്കാരെയാണ്. പക്ഷെ    ധൈര്യം കൈവിടാന്‍ പറ്റില്ലല്ലോ? വടിയെടുത്ത് കൊച്ചു പിള്ളേരെ പേടിപ്പിക്കാറുള്ള ഞാന്‍ ഇവിടെ അടവൊന്നു മാറ്റി. സ്നേഹം കൊണ്ട് അനുസരിപ്പിക്കാന്‍ പറ്റുമോ എന്നായി നോട്ടം. അതില്‍ കുറയൊക്കെ വിജയിക്കുകയും ചെയ്തു. രക്ഷകര്‍ത്താക്കളെ അവരുടെ ഒരു കുറ്റവും പറയാതെ , ഞാന്‍ അവരെ കൈയിലെടുത്തു.സീനിയര്‍ അധ്യാപകര്‍ പലരും അമ്മയുടെ കൂടെ ജോലി ചെയ്തവരായതുകൊണ്ട് ഒരു മകളെപ്പോലെയാണ് അവരെന്നെ കണക്കാക്കിയിരുന്നത്.മികച്ച വിദ്യാലയം എന്നു പേരെടുത്ത ഈ വിദ്യാലയത്തില്‍ എല്ലാ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഞാന്‍ സജീവമായിരുന്നു. ( ഇപ്പോഴും അതേ ) പക്ഷെ വിദ്യാലയത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ തൃപ്തയല്ല. ഏതാണ്ട് 700 കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 250കുട്ടികള്‍ മാത്രം.അധ്യാപകരുടെ എണ്ണവും കുറഞ്ഞു വരുന്നു.സ്പെഷ്യല്‍ ടീച്ചേഴ്സിന്‍റെ കുറവുകാരണം ശാസ്ത്ര മേളയിലും , കലാമേളയിലും , കായീകമേളയിലും നമുക്കു തിളങ്ങാനാവുന്നില്ല.പൊതുവെ നമ്മുടെ സല്‍പ്പേരിനു കോട്ടം സംഭവിച്ചിരിക്കുന്നു.അതിനു പല കാരണങ്ങളുണ്ട്. അവ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി വീണ്ടും പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂള്‍ മുന്‍പന്തിയിലേക്ക് തിരിച്ചെത്തും എന്ന തന്നെയാണെന്‍റെ വിശ്വാസം. അതാണെന്നെ ഉദ്യോഗക്കയറ്റം കിട്ടിയിട്ടും പോകാതെ ഇവിടെത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നത്.പിന്നെ ഈ സ്റ്റാഫ് റൂമിലെ കൂട്ടായ്മ , അത് വേറെങ്ങും ലഭിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഗതകാലസ്മരണകളെ താലോലിച്ചുകൊണ്ട് ഞാനിന്നും സജീവമായിരിക്കുന്നത് (?) അതുകൊണ്ടാണ്.പഴയ ഔന്നത്യം വീണ്ടടുത്ത് സബ്ജില്ലയിലെ മികച്ച ത്തില്‍ വിദ്യാലയമായി വീണ്ടും തിളങ്ങാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

                                                                   
                                                                    

Friday, April 6, 2012

ഓര്‍മ്മകളിലൂടെ ഒരു യാത്ര

രമാദേവി .സി.എസ്.
അധ്യാപിക

      1991ജൂലൈ 25 -ം തിയതി PSC വഴി എറണാകുളം ജില്ലയില്‍ അധ്യാപികയായി നിയമനം ലഭിച്ച ഞാന്‍ പല സബ്ജില്ലകളിലൂടെ സഞ്ചരിച്ച് കോലഞ്ചേരി സബ്ജില്ലയുടെ തിലകമായ പുത്തന്‍കുരിശ് ഗവ.യു.പി. സ്കൂളില്‍ എത്തിയത് 2000 -മാണ്ട് ജൂണ്‍ 5 -ം തിയതിയാണ്.

                  എന്റെ പ്രാഥമിക വിദ്യാഭ്യാസം തുടങ്ങിയ വിദ്യാലയത്തില്‍ സുഹൃത്തക്കളോടും നാട്ടുകാരായ അധ്യാപകരോടുമൊപ്പം സേവനമനുഷ്ഠിക്കാന്‍ ലഭിച്ച സൗഭാഗ്യത്തില്‍ അഭിമാനം കൊണ്ടും യു.പി.ക്ളാസ്സുകളില്‍ ജോലി തുടങ്ങി.എല്ലാവരുടെയും സഹകരണവും ഒത്തൊരുമയും ഉള്ളതിനാല്‍ വിദ്യാലയം മികവിന്റെ പാരമ്യതയില്‍ എത്തിനിന്ന കാലഘട്ടം.സേവനം, കല , ജീവിതസാഫല്യം എന്നീ നിലകളില്‍ അധ്യാപനത്തെ കണ്ടിരുന്ന ഞാന്‍ കുട്ടികളോടും അധ്യാപകരോടും ഒത്തൊരുമയോടെതന്നെ പ്രവര്‍ത്തിച്ചിരുന്നു. കാല ത്തിന്റെ കുത്തൊഴുക്കില്‍ ഞങ്ങളുടെ സ്കൂളിനും ചില വൃദ്ധിക്ഷയങ്ങള്‍ സംഭവിച്ചു.കലാ, കായീക ,പഠന രംഗങ്ങളില്‍ ഉണ്ടായിരുന്ന മികവുകള്‍ക്ക് specialഅധ്യാപകരുടെ അഭാവം കൊണ്ട് ചില കോട്ടങ്ങള്‍ സംഭവിച്ചിരുന്നു.ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.ശക്തരായ PTA, നേതൃത്വനിരയില്‍ മികച്ച അധ്യാപകര്‍ എല്ലാവരും ചേര്‍ന്ന് ഞങ്ങളുടെ ഈ വിദ്യാലയത്തെ ഗൃഹാന്തരീക്ഷം പോലെ സുരക്ഷിതത്വവും , സ്വാതന്ത്യവും നല്കി കുട്ടികളെയും അധ്യാപകരെയും നന്മ നല്‍കുന്നവരായി സംരക്ഷിച്ചുകൊണ്ടുവരുന്നു.പൊയ്പ്പോയ പേരും പെരുമയും തിരിച്ചു പിടിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നു.ഇനിയും ഈ കര്‍മ്മകാണ്ഡത്തില്‍ നന്മകളും സുഗന്ധവും പരത്താന്‍ സര്‍വ്വേശ്വരന്‍ ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു.


Thursday, April 5, 2012

എന്റെ കാഴ്ചപ്പാട്

ജോയി സി പി
പി ടി എ പ്രസിഡന്റ്

       ഒരു നൂറ്റാണ്ട് പുത്തന്‍കുരിശ് പ്രദേശത്തിന് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയ പൊതുവിദ്യാ ഭ്യാസസ്ഥാപനമാണ്പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂള്‍. ഈ സ്ഥാപനത്തില്‍ പഠിച്ച അനേകവ്യക്തികള്‍ സമുഹത്തിന്‍റെ വിവിധ മേഖലകളില്‍ ചെറുതും വലുതുമായ സ്ഥാനങ്ങള്‍ വഹിക്കുന്നു.നിര്‍ധനരായ കുട്ടികളാണ് ഇന്ന് ഈ സ്കൂളില്‍ പഠിക്കുന്നതെങ്കിലും പൊതുവിദ്യാഭ്യാസ ത്തിന്റെ ശ്രേഷ്ഠതയും മൂല്യവും മനസ്സിലാക്കി പഠനത്തിനായി അയയ്ക്കുന്ന മുന്നോക്കം നില്ക്കുന്ന രക്ഷിതാക്കളും ഉണ്ട്.ഇന്നിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ സ്നേഹിക്കുകയും പഠന മേഖലയിലും കലാകായീക  പ്രവര്‍ത്തനങ്ങളിലും നേതൃത്വം നല്‍കുന്ന ഒരു കൂട്ടം അദ്ധ്യാപകര്‍ സ്കൂളില്‍ ഉണ്ട്. രക്ഷിതാക്കളുടെയും , പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെയും സഹകരണം വിദ്യാലയ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നു.കൂടാതെ SSAയുടെയും ഗ്രാമപഞ്ചായത്ത് അധികാരികളുടെയും  സഹായവും സഹകരണവും സ്കൂളിന്റെ ഉന്നമനത്തിന് സഹായകരമാണ്.ഹെഡ്മാസ്റ്റര്‍ എം..രവിസാറിന്‍റെ നേതൃത്വം സ്കൂളിന് പുത്തന്‍ ഉണര്‍വ്വ് നല്‍കിക്കൊണ്ടിരിക്കുന്നു.
         ശതാബ്ധി ആഘോഷിക്കുന്ന പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂളിന് എല്ലാവിധ നന്മകളും ആശംസിക്കുന്നു.

Tuesday, April 3, 2012

തായ്ക്കോണ്ട

                    തായ്ക്കോണ്ട പരിശീലനം  യൂണിഫോം വിതരണം ശ്രീമതി.രമ സാജു ( പഞ്ചായത്ത് പ്രസിഡന്‍റ് ) നിര്‍വഹിച്ചു. വിവിധ ദൃശ്യങ്ങള്‍.