Saturday, April 7, 2012

എന്റെ വിദ്യാലയം - അനുഭവം , കാഴ്ച്ചപ്പാട്, പിന്നെ സ്വപ്നങ്ങളും

 ശ്രീദേവി.കെ.ആര്‍.
 അദ്ധ്യാപിക
                ഏതാണ്ട് 13 വര്‍ഷത്തോളം എല്‍.പി.ക്ളാസ്സുകളില്‍ പഠിപ്പിച്ചതിനു ശേഷമാണ് 1999 ജൂണ്‍ 3 ന് പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂളിലെ 7 B ക്ളാസ്സിന്‍റെ ചുമതല എനിക്കു ലഭിച്ചത്.അന്ന് പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂളില്‍ പഠിപ്പിക്കുക എന്നത് സബ്ജില്ലയിലെ ഏതൊരധ്യാപികയുടെയും മോഹമായിരുന്നു എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല.ഈ വിദ്യാലയം അതിന്‍റെ ഔന്നത്യത്തില്‍ നിന്ന ഒരു കാലമായിരുന്നു തൊണ്ണുറുകളിലേത്.സബ്ജില്ല ശാസ്ത്ര മേള, കലാമേള, കായീകമേള, വിദ്യാരംഗം തുടങ്ങി ഏതുതരം മത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ മുന്നിലെത്തി.കൈയെഴുത്തു മാസിക സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി വിദ്യാലയത്തിന്‍റെ യശസ്സുയര്‍ത്തി.എന്നെ സംബന്ധിച്ചിടത്തോളം മറ്റു ചില പ്രാധാന്യങ്ങള്‍ കൂടി ഈ സ്കൂളിനുണ്ട്.എന്‍റെ അമ്മാവന്‍മാര്‍ നാലു പേരും അമ്മയും ഈ സ്കൂളിലാണ് പഠിച്ചത്. 1997വരെ അമ്മ ഇവിടുത്തെ ഹിന്ദി അധ്യാപികയായിരുന്നു. അതെല്ലാം കൊണ്ടുതന്നെ ഇവിടെ പഠിപ്പിക്കുക എന്നത് എനിക്ക് അഭിമാനമായി അനുഭവപ്പെട്ടു.
        പക്ഷെ 7 B ക്ളാസ്സിലേക്ക് കടന്നു ചെന്നപ്പോള്‍ എനിക്ക് ചെറുതായി വിറയ്ക്കുന്നുണ്ടോ എന്നൊരു സംശയം . കാരണം കുറച്ചു വര്‍ഷങ്ങളായി കുരുന്നുകളെ മാത്രം കണ്ടു ശീലിച്ച എന്‍റെ കണ്ണില്‍ ആദ്യം പെട്ടത് പിറകിലെ ബഞ്ചിലിരിക്കുന്ന ഏതാനും പൊടിമീശക്കാരെയാണ്. പക്ഷെ    ധൈര്യം കൈവിടാന്‍ പറ്റില്ലല്ലോ? വടിയെടുത്ത് കൊച്ചു പിള്ളേരെ പേടിപ്പിക്കാറുള്ള ഞാന്‍ ഇവിടെ അടവൊന്നു മാറ്റി. സ്നേഹം കൊണ്ട് അനുസരിപ്പിക്കാന്‍ പറ്റുമോ എന്നായി നോട്ടം. അതില്‍ കുറയൊക്കെ വിജയിക്കുകയും ചെയ്തു. രക്ഷകര്‍ത്താക്കളെ അവരുടെ ഒരു കുറ്റവും പറയാതെ , ഞാന്‍ അവരെ കൈയിലെടുത്തു.സീനിയര്‍ അധ്യാപകര്‍ പലരും അമ്മയുടെ കൂടെ ജോലി ചെയ്തവരായതുകൊണ്ട് ഒരു മകളെപ്പോലെയാണ് അവരെന്നെ കണക്കാക്കിയിരുന്നത്.മികച്ച വിദ്യാലയം എന്നു പേരെടുത്ത ഈ വിദ്യാലയത്തില്‍ എല്ലാ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഞാന്‍ സജീവമായിരുന്നു. ( ഇപ്പോഴും അതേ ) പക്ഷെ വിദ്യാലയത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ തൃപ്തയല്ല. ഏതാണ്ട് 700 കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് 250കുട്ടികള്‍ മാത്രം.അധ്യാപകരുടെ എണ്ണവും കുറഞ്ഞു വരുന്നു.സ്പെഷ്യല്‍ ടീച്ചേഴ്സിന്‍റെ കുറവുകാരണം ശാസ്ത്ര മേളയിലും , കലാമേളയിലും , കായീകമേളയിലും നമുക്കു തിളങ്ങാനാവുന്നില്ല.പൊതുവെ നമ്മുടെ സല്‍പ്പേരിനു കോട്ടം സംഭവിച്ചിരിക്കുന്നു.അതിനു പല കാരണങ്ങളുണ്ട്. അവ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തി വീണ്ടും പുത്തന്‍കുരിശ് ഗവ.യു.പി.സ്കൂള്‍ മുന്‍പന്തിയിലേക്ക് തിരിച്ചെത്തും എന്ന തന്നെയാണെന്‍റെ വിശ്വാസം. അതാണെന്നെ ഉദ്യോഗക്കയറ്റം കിട്ടിയിട്ടും പോകാതെ ഇവിടെത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നത്.പിന്നെ ഈ സ്റ്റാഫ് റൂമിലെ കൂട്ടായ്മ , അത് വേറെങ്ങും ലഭിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഗതകാലസ്മരണകളെ താലോലിച്ചുകൊണ്ട് ഞാനിന്നും സജീവമായിരിക്കുന്നത് (?) അതുകൊണ്ടാണ്.പഴയ ഔന്നത്യം വീണ്ടടുത്ത് സബ്ജില്ലയിലെ മികച്ച ത്തില്‍ വിദ്യാലയമായി വീണ്ടും തിളങ്ങാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.

                                                                   
                                                                    

No comments:

Post a Comment